കോട്ടയം: നിയമസഭാ സമ്മേളനം ഇന്നു തുടങ്ങാനിരിക്കെ കക്ഷിനേതാവിന്റെ ഇരിപ്പിടത്തിനായി കേരള കോണ്‍ഗ്രസില്‍ തമ്മിലടി. മാണിയുടെ അഭാവത്തില്‍ നേതാവിന്റെ ഇരിപ്പിടം പിജെ ജോസഫിന് നല്‍കണം എന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. എന്നാല്‍ നേതാവിനെ തെരഞ്ഞെടുത്തിട്ടില്ലെന്ന് കാണിച്ച് മാണി വിഭാഗം എംഎല്‍എ റോഷി അഗസ്റ്റിനും സ്പീക്കര്‍ കത്ത് നല്‍കി.
ഒരു പാര്‍ട്ടിയില്‍ നിന്നും രണ്ട് കത്ത് കിട്ടിയ സാഹചര്യത്തില്‍ സ്പീക്കറുടെ തീരുമാനം നിര്‍ണ്ണായകമാവും. നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ടാണ് റോഷി അഗസ്റ്റിന്റെ കത്ത്. നേതാവിന്റെ അഭാവത്തില്‍ ഉപനേതാവിന് പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചുമതല കിട്ടില്ലെന്നും കത്തില്‍ പരാമര്‍ശമുണ്ട്. നേരത്തെ ജോസഫ് വിഭാഗം എംഎല്‍എയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് നല്‍കിയ കത്ത് റോഷി അഗസ്റ്റിന്‍ തള്ളി. പി ജെ ജോസഫിന് ചുമതല നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു മോന്‍സിന്റെ കത്ത്.
ചെയര്‍മാന്‍ സ്ഥാനവും നിയമസഭാ കക്ഷി നേതൃസ്ഥാനവും താന്‍ തന്നെ വഹിക്കുമെന്ന് പിജെ ജോസഫ് പരസ്യമാക്കിയിരുന്നു. സംസ്ഥാന കമ്മിറ്റിയും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേരാത്തതില്‍ ജോസ് കെ മാണി വിഭാഗത്തിന് അമര്‍ഷമുണ്ട്. എല്ലാം ജോസഫ് ഒറ്റക്ക് തീരുമാനിക്കുകയാണെന്ന് അവര്‍ ആരോപിക്കുന്നു.