കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂക്കര സ്വദേശി ബിജേഷിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി. ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുള്ളതായും പ്രതികള്‍ക്ക് സഹായം ചെയ്ത് കൊടുത്തതായും പൊലീസ് പറഞ്ഞു. സിപിഎം പ്രവര്‍ത്തകനാണ് ബിജേഷ്.
മന്‍സൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പൊലീസ് പുറത്തുവിട്ടിരുന്നു. നാലാം പ്രതി ശ്രീരാഗിനെ ഒന്നാം പ്രതി ഷിനോസ് കൊലപാതകത്തിന് തൊട്ടുമുമ്പ് പലതവണ ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ മൊബൈല്‍ സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നു. ഈ മൊബൈലിലെ ചാറ്റ് വഴിയാണ് കൂട്ടുപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ഗൂഢാലോചനയുടെ തെളിവ് ലഭിക്കുന്നതും ഷിനോസിന്റെ ഫോണില്‍ നിന്നാണ്. മന്‍സൂറിന്റെ കൊലപാതകത്തിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്.