കൊച്ചി : ഹൈക്കോടതിയുടെ അനുമതിയില്ലാതെ പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കാനുള്ള തീരുമാനത്തിനെതിരെ അസോസിയേഷൻ ഓഫ് സ്ട്രക്ച്ചറൽ ആൻഡ് ജിയോ ടെക്‌നിക്കൽ കൺസൾട്ടിങ് എഞ്ചിനിയേഴ്സും അതിന്റെ മുൻ പ്രസിഡന്റ് അനിൽ ജോസഫും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ലോഡ് ടെസ്റ്റ് നടത്തുന്നതിനെപ്പറ്റി വിദഗ്ധരുമായി ആലോചിച്ച ശേഷം സർക്കാർ തീരുമാനം ഹൈക്കോടതിയെ അറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിന് മറുപടി സർക്കാർ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
മേൽപ്പാലം അറ്റകുറ്റപ്പണികൾക്ക് ശേഷം ഗതാഗതയോഗ്യമാണോയെന്ന് ഉറപ്പ് വരുത്തണമെന്നും , ലോഡ് ടെസ്റ്റ് വേഗത്തിൽ നടപ്പാക്കണമെന്നും ഇ. ശ്രീധരന്റെ മാത്രം വാക്ക് കേട്ട് പാലം പൊളിക്കരുതെന്നുമാണ് ഹർജിക്കാർ കോടതിയെ അറിയിച്ചത്. ഹർജികളിൽ തീർപ്പാകുന്നതുവരെ പാലം പൊളിക്കാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.