തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇത്തവണ പത്തുവയസിനു താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല. 45 വയസു കഴിഞ്ഞവര്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ വേദികളിലേക്കു പ്രവേശിപ്പിക്കൂ. അതല്ലെങ്കില്‍ 72 മണിക്കൂറിനു മുമ്പെങ്കിലും കോവിഡ് നെഗറ്റീവാണെന്ന ആര്‍.ടി.പി.സി.ആര്‍. പരിശോധനാരേഖ നല്‍കണം.
പൂര നടത്തിപ്പു സംബന്ധിച്ച് ഉന്നതതല യോഗത്തിലേതാണ് തീരുമാനം. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സാന്നിധ്യത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണു തീരുമാനം. പൂരത്തിനു പ്രൗഢി കുറയ്ക്കില്ലെന്നും എല്ലാ ചടങ്ങുകളും സാധാരണപോലെ നടത്തുമെന്നൂം ദേവസ്വങ്ങളും അധികൃതരും വ്യക്തമാക്കി. വെടിക്കെട്ട്, കുടമാറ്റം അടക്കമുള്ള ചടങ്ങുകളും നടത്തും. കോവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരിക്കും ചടങ്ങുകള്‍.
പാസുകള്‍ നല്‍കാനായി ദേവസ്വങ്ങള്‍ ആവശ്യത്തിനു കൗണ്ടറുകള്‍ സജ്ജമാക്കും. പൂരപ്പറമ്പിലേക്കു നിയന്ത്രണമില്ലാതെ ആള്‍ക്കൂട്ടത്തെ കടത്തിവിടുന്നതു പ്രായോഗികമല്ലെന്ന് ഉന്നതതല യോഗത്തിനു ശേഷം ദേവസ്വങ്ങള്‍ക്കു വേണ്ടി പാറമേക്കാവ് സെക്രട്ടറി ജി. രാജേഷ് ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് പൂരം നടത്തുന്ന കാര്യത്തില്‍ യോജിപ്പാണെന്ന് ദേവസ്വങ്ങള്‍ വ്യക്തമാക്കി.
ആരോഗ്യ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥരാകും രേഖകള്‍ പരിശോധിക്കുക. ആള്‍ക്കൂട്ട നിയന്ത്രണത്തിനു പോലീസുമായി ചേര്‍ന്ന് നടപടികളെടുക്കും. തേക്കിന്‍കാട് മൈതാനത്തേക്കുള്ള 19 ഉപറോഡുകളിലും ചെക്പോയിന്റുണ്ടാകും. നഗരത്തിലേക്കുള്ള പ്രധാന റോഡുകളും അടയ്ക്കും.