കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്റെയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫയുടെയും മൊഴിയെടുത്തു. മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, സി.പി.എം ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍ എന്നിവരുടെയും മൊഴിയെടുത്തിട്ടുണ്ട്. ഇവരെ അന്വേഷണ സംഘത്തിന്റെ ക്യാംപിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.
കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങളും കോണ്‍ഗ്രസ് നേതൃത്വവും കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. ഇരട്ടക്കൊല നടക്കുന്നതിന് മുന്‍പ് ശരത്ലാലിന്റെ വീടിന് അടുത്തുനടന്ന സി.പി.എം പൊതുയോഗത്തില്‍ വിപിപി മുസ്തഫ ഭീഷണി മുഴക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അന്വേഷണം അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറ്റപത്രം വൈകാതെ കോടതിയില്‍ സമര്‍പ്പിച്ചേക്കും.
അതിനിടെ, ഞായറാഴ്ച അര്‍ദ്ധരാത്രി പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേര്‍ക്ക് ബോംബേറുണ്ടായി. കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും സുഹൃത്തായ കല്യോട് ദീപു കൃഷ്ണന്റെ വീടിനു നേര്‍ക്കാണ് വീര്യം കുറഞ്ഞ സ്റ്റീല്‍ ബോംബ് എറിഞ്ഞത്. സംഭവ സമയത്ത് ദീപുവും കുടുംബവും വീടിനുള്ളിലുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.പി.എം പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം നടന്നു. നാലു വീടുകളുടെ ജനാലകള്‍ തകര്‍ന്നിട്ടുണ്ട്.