കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസില്‍ വീഴ്ച വരുത്താന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി. വിവരങ്ങള്‍ ആരാഞ്ഞാല്‍ കൃത്യസമയത്ത് നല്‍കണമെന്നും എ.ജി, ഡി.ജി.പി ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ ഇതില്‍ വീഴ്ച വരുത്തുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ക്രിമിനല്‍ കേസിലെ നടപടിക്രമങ്ങള്‍ അനന്തമായി നീട്ടാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു. കേസില്‍ നിലവിലെ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉള്ള ആശങ്കകള്‍ മാത്രമാണ് ഹര്‍ജിയിലെന്നും കോടതി നിരീക്ഷിച്ചു.
പെരിയ ഇരട്ടക്കൊലക്കേസില്‍ നേരത്തെ സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജാമ്യാപേക്ഷ കൈകാര്യം ചെയ്തതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിന് വീഴ്ച പറ്റിയെന്ന് കോടതി വിമര്‍ശിച്ചു. ഇന്നലെ രാവിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. ഡിജിപി ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ട ഉണ്ടോയെന്ന് കോടതി ആരാഞ്ഞു.
പൊലീസ് റിപ്പോര്‍ട്ടുകള്‍ യഥാസമയം കോടതിയില്‍ ഹാജരാക്കാന്‍ നടപടി സ്വീകരിക്കേണ്ടത് ഡിജിപിയുടെ ഓഫീസാണ്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ യഥാസമയം ലഭിക്കാറില്ല. ഡിജിപിയുടെ ഓഫീസ് ഈ നില തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തും. അനാവശ്യ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നീട്ടുന്നത് അംഗീകരിക്കാനാകില്ലെന്നും ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നതില്‍ വിയോജിപ്പുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ വ്യക്തമാക്കിയിരുന്നു.