തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ കള്ളക്കളിയും അട്ടിമറിയും നടന്ന വാര്‍ത്ത സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അന്വേഷണ റിപ്പോര്‍ട്ട്. ജനപ്രതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നുവെന്നും, കര്‍ശന നടപടികള്‍ക്കായി റിപ്പോര്‍ട്ട് പരിശോധിച്ച് നിര്‍ദ്ദേശം നല്‍കണമെന്ന് ഡിജിപി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
റിപ്പോര്‍ട്ട് പരിശോധിച്ച് കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ടിക്കാറാം മീണയോട് ഡിപിജി ആവശ്യപ്പെട്ടത് . ഇന്റലിജന്‍സ് എഡിജിപി ടി.കെ വിനോദ് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പോസ്റ്റല്‍ വോട്ടുകളില്‍ അസോസിയേഷനുകളുടെ സ്വാധീനം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ടി കെ വിനോദ് കുമാര്‍ ഡിജിപിക്ക് കൈമാറിയത്. തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികള്‍ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്യുന്നുവെന്നാണ് പരാതി.