തിരുവനന്തപുരം: പ്രമുഖ നിയമപണ്ഡിതനായ ഡോ. എന്‍ ആര്‍ മാധവമേനോന്‍ (84) അന്തരിച്ചു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ രമാദേവിയും മകന്‍ രമേശും സമീപത്തുണ്ടായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശാന്തികവാടത്തില്‍.
നിയമ പണ്ഡിതന്‍, നിയമ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍ എന്നീ നിലകളിലെല്ലാം മികവ് തെളിയിച്ച എന്‍ ആര്‍ മാധവമേനോന് രാജ്യം 2003ല്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ബെംഗളൂരുവിലെ നാഷനല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയക്ടറായിരുന്നു മാധവമേനോന്‍ നിയമ വിദഗ്ദ്ധന്‍, ഭോപ്പാലിലെ നാഷനല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ ആദ്യ ഡയറക്ടറായും കൊല്‍ക്കത്തയിലെ നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സസിന്റെ വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചു.
ഡല്‍ഹി സര്‍വകലാശാലയിലും പോണ്ടിച്ചേരി സര്‍വകലാശാലയിലും അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂരില്‍ മാധവത്ത് വിലാസം തോപ്പില്‍ വീട്ടില്‍ രാമകൃഷ്ണ മേനോന്റെയും ഭവാനിയമ്മയുടെയും മകനായി 1934ല്‍ ആണ് മാധവമേനോന്‍ ജനിച്ചത്. തിരുവനന്തപുരം ലോ കോളേജില്‍ നിന്നും ബിരുദം നേടിയ ശേഷം അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍എമ്മും തുടര്‍ന്നു പിഎച്ച്ഡിയും സ്വന്തമാക്കി. നിയമവുമായി ബന്ധപ്പെട്ട് ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സാമൂഹ്യസേവനരംഗത്തു സജീവമായിരുന്നു. ഇന്ത്യയില്‍ ആദ്യമായി പഞ്ചവത്സര എല്‍എല്‍ബി ഉള്‍പ്പെടെയുള്ള തുടക്കം അദ്ദഹമാണ് ഇട്ടത്.