തിരുവനന്തപുരം: യൂറോപ്യന്‍ പര്യടനം ഫലപ്രദമായിരുന്നുവെന്നും സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ നിയന്ത്രണത്തിനും പ്രളയാനന്തര പുനരധിവാസത്തിനും മികച്ച മാതൃകകള്‍ വിദേശ രാജ്യങ്ങളിലുണ്ട്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രളയം തടയാനും പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും നെതര്‍ലാന്റ് മികച്ച പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. നെതര്‍ലാന്റ്‌സില്‍ നിന്നുള്ള ആ മാതൃകകള്‍ കേരളം ഉള്‍ക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയ പുനര്‍ നിര്‍മാണത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉടന്‍ യോഗം വിളിച്ചു ചേര്‍ക്കും.
നെതര്‍ലാന്റ്‌സില്‍ നിന്നുള്ള വ്യവസായികളുടെയും മറ്റ് സംരംഭകരുടേയും യോഗത്തില്‍ വ്യവസായ പ്രതിനിധികളുമായും ചര്‍ച്ച നടത്തി. കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാനുള്ള സന്നദ്ധത അവര്‍ അറിയിച്ചിട്ടുണ്ട്. കൃഷി വനപരിപാലനം മുതല്‍ പരിസ്ഥിതി മുന്‍നിര്‍ത്തിയുള്ള ടൂറിസം പദ്ധതികള്‍ക്ക് വരെയുള്ള വിവിധ സാധ്യതകളാണ് ചര്‍ച്ച ചെയ്തത്. ജല കാര്‍ഷിക സമുദ്രതല സംരംഭങ്ങളില്‍ ഡച്ച് കമ്പനികളുടെ സഹായത്തോടെ വന്‍ കുതിച്ചുചാട്ടമാണ് കേരളം ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.