ഡല്‍ഹി: തീരദേശമേഖലാ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവില്‍ ഉറച്ച് സുപ്രീംകോടതി. ഫ്‌ളാറ്റ് ഉടമകളും നിര്‍മ്മാതാക്കളും നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സൂക്ഷ്മമായി ഹര്‍ജികള്‍ പരിശോധിച്ചുവെന്നും ഹര്‍ജികളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നുമാണ് പുനഃപരിശോധന ഹര്‍ജികള്‍ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ജസ്റ്റിസുമാരായ അരുണ്‍മിശ്രയും നവീന്‍ സിന്‍ഹയും വ്യക്തമാക്കുന്നത്.
എറണാകുളം ജില്ലയിലെ മരട് നഗരസഭക്ക് കീഴില്‍ തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ടുമെന്റ്, ആല്‍ഫ വെഞ്ചേഴ്‌സ് എന്നീ എന്നീ അഞ്ച് ഫ്‌ളാറ്റ് സുമച്ചയങ്ങളാണ് പൊളിക്കേണ്ടിവരിക.
30 ദിവസത്തിനകം ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ മെയ് 8നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. കേസില്‍ തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്‌ളാറ്റുടമകള്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ജൂലൈ 5ന് കോടതി തള്ളിയിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന താക്കീതോടെയായിരുന്നു ജൂലൈ 5ലെ ഉത്തരവ്. അതിന് ശേഷമാണ് ഇപ്പോള്‍ പുനഃപരിശോധന ഹര്‍ജികള്‍ കൂടി തള്ളിയത്.
നിര്‍മ്മാണങ്ങള്‍ക്ക് കര്‍ശനനിയന്ത്രണമുള്ള തീരദേശ നിയന്ത്രണ മേഖല -3ല്‍ ഉള്‍പ്പെട്ട പ്രദേശത്താണ് ഫ്ളാറ്റുകള്‍. കേരള തീരദേശ മേഖലാ നിയന്ത്രണ അതോറിറ്റി അറിയാതെ മരട് പഞ്ചായത്ത് 2006-07 ല്‍ നിര്‍മ്മാണാനുമതി നല്‍കുകയായിരുന്നു.