കൊച്ചി: മരട് ഫ്‌ളാറ്റ് വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിശ്ചയിച്ച നഷ്ടപരിഹാര കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് സമിതി ചെയര്‍മാന്‍ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായർ പറഞ്ഞു. സമിതിയുടെ ആദ്യ യോഗം സമിതി ചെയര്‍മാന്‍ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായരുടെ കൊച്ചിയിലെ വസതിയിൽ നടന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ്, ജില്ലാ കളക്ടര്‍ എസ്. സുഹാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സമിതിയ്ക്കായുള്ള ഓഫിസ് കെട്ടിടവും ജീവനക്കാരെയും ലഭ്യമാക്കി ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനം. ഒരു വര്‍ഷത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കുന്ന നടപടി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.
