തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ വിലക്ക്. തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന സ്റ്റുഡന്‍സ് മാര്‍ക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിലക്ക് ഏര്‍പ്പെടുത്തിയത്.
മുഖ്യമന്ത്രി ഉദ്ഘാടകനും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനുമായി ഇന്ന് വൈകീട്ടാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. സംസ്ഥാനത്താകെ 600 കേന്ദ്രങ്ങളിലും സ്റ്റുഡന്‍സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനായിരുന്നു തീരുമാനം. ചടങ്ങിന് അനുമതി തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നു. എന്നാല്‍ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാനാകില്ലെന്ന നിലപാടാണ് ടിക്കാറാം മീണ സ്വീകരിച്ചത്.
അതേസമയം, പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് വിലക്കിയ ടിക്കാറം മീണയുടെ നടപടി അംഗീകരിക്കുന്നു എന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പാലിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഉദ്ഘാടകനായ മുഖ്യമന്ത്രിയും മന്ത്രിമാരും ഉത്ഘാടനത്തില്‍ പങ്കെടുക്കില്ല. അതേസമയം സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റിന്റെ ഉത്ഘാടനം ഗംഭീരമായി നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചു.
വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉദ്ഘാടന ചടങ്ങ് നടത്താനാകില്ലെന്നാണ് ടിക്കാറാം മീണയുടെ നിലപാട്.