ഡല്‍ഹി: മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മരിച്ചത് നാലാം നിലയില്‍ നിന്ന് വീണെന്ന് ഡല്‍ഹി പൊലീസ്. ഡല്‍ഹിയിലെ വസതിയില്‍ വച്ച് നാലാം നിലയില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നും മരണത്തില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. താഴെ വീണാണ് മരണം സംഭവിച്ചത് എന്നറിഞ്ഞതിനാല്‍ അന്വേഷണം നടത്തിയെന്നും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും മൊഴികള്‍ രേഖപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.
ഇന്നലെയാണ് മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ് അന്തരിച്ചത്. 71 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. മൃതദേഹം ഡല്‍ഹിയില്‍ പൊതുദര്‍ശനം നടത്തിയിരുന്നു. സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയമേഖലകളിലെ നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഭൗതിക ശരീരം നാളെ കേരളത്തില്‍ എത്തിക്കാനിരിക്കുകയാണ്. ഡല്‍ഹി ഹൗസ്ഖാസിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഡല്‍ഹി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദെമത്രയോസ് നേതൃത്വം നല്‍കി.