ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായുമായും മുന്‍ എം പി എ പി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അബ്ദുല്ലക്കുട്ടി മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തിയത്. ഇന്നു രാവിലെയാണ് പ്രധാനമന്ത്രിയുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയത്. യോഗ ദിനത്തില്‍ പങ്കെടുത്ത വിവരങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും അതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടുവെന്ന് എ.പി അബ്ദുള്ളക്കുട്ടി. ഡല്‍ഹിയില്‍ വച്ചു പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമിത് ഷായുമായി പാര്‍ലമെന്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ബിജെപിയിലേക്ക് തന്നെ സ്വാഗതം ചെയ്ത അമിത് ഷാ എന്ന് ബിജെപിയില്‍ ചേരുമെന്ന് അറിയിക്കണമെന്ന് പറഞ്ഞതായി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. കൂടിക്കാഴ്ചക്ക് പിന്നാലെ ബിജെപി പാര്‍ലമെന്ററി പാര്‍ടി ഓഫീസില്‍ ദേശീയ നേതാക്കളുമായി അബ്ദുള്ളക്കുട്ടി ചര്‍ച്ച നടത്തി.
മോദിയെ പുകഴ്ത്തി സംസാരിച്ചതിന്റെ പേരിലായിരുന്നു അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിനു പിന്നാലെ മോദിയുടെ വികസന മാതൃകയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ സംസ്ഥാന ബിജെപി നേതാക്കളുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.