തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ മുഖ്യ പ്രതികള്‍ കുറ്റം സമ്മതിച്ചു. പെട്ടെന്നുണ്ടായ പ്രകോപനമാണി കത്തിക്കുത്തില്‍ തലാശിച്ചതെന്നാണ് പ്രതികളായ ശിവരഞ്ജിത്തിന്റെയും നസീമിന്റെയും വാദം. ഒന്നാം പ്രതി ശിവരഞ്ജിത്തിനെയും രണ്ടാം പ്രതി നസീമിനെയും ഇന്നു പുലര്‍ച്ചയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. ഒരാഴ്ച്ചയിലധികമായി എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളും അഖിലിന്റെ സംഘവും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്ന . ക്യാന്റീനില്‍ അഖില്‍ പാടിയതുമായി ബന്ധപ്പെട്ട വാക്കു തര്‍ക്കവും പ്രശ്‌നങ്ങള്‍ വശളാക്കി. അഖിലിന്റെ ഭാഗത്തു നിന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നാണ് പ്രതികളുടെ വാദം.
സംഭവ ദിവസം പെട്ടെന്നുണ്ടായ പ്രകോപനമാണ് അഖിലിനെ ആക്രമിക്കാന്‍ കാരണമെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. ആസൂത്രിതമായി കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്ന് ദൃക്‌സാക്ഷി മൊഴികളുണ്ട്. അഖിലിന്റെ മൊഴിയും കേസില്‍ ഇനി നിര്‍ണ്ണായകമാകും.
ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യല്‍ നടത്താനാണ് പോലീസ് തീരുമാനം. പരാതി ലഭിച്ചാല്‍ വിഷയത്തില്‍ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അഖിലിന്റെ മൊഴി പോലീസ് നാളെ രേഖപ്പെടുത്തിയേക്കും.