തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കൊളേജില്‍ പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ എസ്എഫ്ഐ യൂണിറ്റ് റൂമില്‍ നിന്ന് മൂന്ന് കത്തികളും മദ്യക്കുപ്പികളും പിടിച്ചെടുത്തു. ഉച്ചയോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇന്നലത്തെ സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലിസ് പരിശോധന. യൂണിറ്റ് മുറി കേന്ദ്രീകരിച്ചാണ് എസ്എഫ്ഐക്കാരുടെ അക്രമങ്ങള്‍ അരങ്ങേറുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞിരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ അഖിലിന് കുത്തേറ്റ സംഭവത്തില്‍ പൊലീസ് സുഹൃത്തുക്കളില്‍ നിന്ന് മൊഴിയെടുത്തു. ഫിലോസഫി ഡിപ്പാര്‍ട്ട്മെന്റിന് സമീപം വച്ചാണ് അഖിലിനെ കുത്തി വീഴ്ത്തിയതെന്ന് അഖിലിന്റെ സുഹൃത്ത് ഉമൈര്‍ പൊലീസിന് മൊഴി നല്‍കി. നസീമിന്റെയും ശിവരഞ്ജിത്തിന്റെയും കയ്യില്‍ കത്തി ഉണ്ടായിരുന്നു . എന്നാല്‍ കുത്തി വീഴ്ത്തിയത് ആരെന്ന് താന്‍ കണ്ടിട്ടില്ലെന്നാണ് ഉമൈര്‍ പറയുന്നത്. കുത്തേറ്റ ശേഷം പുറകിലോട്ട് നടന്ന അഖില്‍ പിന്നീട് കുഴഞ്ഞു വീണു. എന്നിട്ട് പോലും അഖിലിനെ പിടിച്ചെഴുന്നേല്‍പ്പിക്കാനോ സഹായത്തിനെത്താനോ ശ്രമിക്കാതെ എസ്എഫ്ഐ നേതാക്കള്‍ എല്ലാം കണ്ടു നില്‍ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് താങ്ങിയെടുത്താണ് അഖിലിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതെന്നും ഉമൈര്‍ പറഞ്ഞു.