തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷങ്ങളും പരീക്ഷാ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ അടിമുടി മാറ്റങ്ങളുമായി കോളജ് വിദ്യാഭ്യാസ ഡയറക്റ്ററേറ്റ്. ഇടയ്ക്കുവച്ച് പഠനം പൂര്‍ത്തിയാക്കാതെ പോകുന്നവര്‍ക്ക് കോളെജില്‍ ഇനി റീ അഡ്മിഷന്‍ നല്‍കില്ല. റഗുലര്‍ രീതിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ യൂണിവേഴ്‌സിറ്റി കോളജില്‍ പ്രവേശനം നല്‍കൂവെന്നും തീരുമാനിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കോളെജില്‍ തുടരുന്നവരെ മാറ്റുന്നത് പരിഗണിക്കുമെന്നും വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്റ്റര്‍ കെ.കെ. സുമ വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റി കോളെജ് യൂണിയന്‍ ഓഫിസില്‍ നിന്ന് ഉത്തരകടലാസ് കണ്ടെത്തിയതിലും നടപടി തുടങ്ങി. ഉത്തരകടലാസ് കണ്ടെത്തിയതില്‍ ദുരൂഹതയുണ്ട്. സംഭവത്തില്‍ പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് തേടും. കോളജിലെ പരീക്ഷാ ചീഫ് സൂപ്രണ്ടിനെ സ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. പരീക്ഷാ ആവശ്യങ്ങള്‍ക്കുള്ള പുതിയൊരു ഓഫീസ് തുറക്കും. പി.എസ്.സി പരീക്ഷ അടക്കം പുറത്തു നിന്നുള്ള മറ്റു പരീക്ഷകളൊന്നും യൂണിവേഴ്‌സിറ്റി കോളജില്‍ വച്ച് നടത്തേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
അനധ്യാപകരായ മൂന്നുപേരെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചെന്നും കെ.കെ.സുമ അറിയിച്ചു. കൂടാതെ, അധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന കമ്മറ്റികള്‍ രൂപീകരിക്കാനും ബാനറുകളും പോസ്റ്ററുകളും ചുവരെഴുത്തുകളും നീക്കം ചെയ്യാനും തീരുമാനമായി. പൊലീസ് സംരക്ഷണയില്‍ രണ്ടു ദിവസത്തിനകം കോളജ് തുറക്കുമെന്നും കെ.കെ. സുമ അറിയിച്ചു.