കൊച്ചി: സംസ്ഥാനത്തെ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ് മെയ് രണ്ടിനുള്ളില്‍ നടത്തണമെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ സഭാംഗങ്ങള്‍ക്കാണ് വോട്ട് ചെയ്യാനുള്ള അവകാശമെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മാറ്റിവച്ച തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിക്കെതിരെ നിയമസഭാ സെക്രട്ടറിയും സിപിഎമ്മും നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
പുതിയ നിയമസഭാ രൂപീകരിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് നിയമോപദേശം ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കാലാവധി കഴിഞ്ഞ നിയമസഭാംഗങ്ങള്‍ വോട്ടു ചെയ്യുന്നത് ധാര്‍മ്മികമായി ശരിയല്ലെന്നാണ് നിയമമന്ത്രാലയം അറിയിച്ചതെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.
മൂന്ന് സീറ്റുകളിലേക്ക് ഏപ്രില്‍ 12ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ഇത് മാറ്റുകയായിരുന്നു. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ശുപാര്‍ശയെത്തുടര്‍ന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇതിനെതിരെ സിപിഎം അടക്കമുള്ള ഭരണകക്ഷികള്‍ രംഗത്തെത്തുകയും നിയമസഭാ സെക്രട്ടറിയും സിപിഎമ്മും ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. ജൂണ്‍ ഒന്നിനാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.
സംസ്ഥാനത്ത് നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളാണ് ഈ മാസം 21ന് വിരമിക്കുന്നത്. വയലാര്‍ രവി, പി വി അബ്ദുള്‍ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് രണ്ടു സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് വിജയിക്കാനാവുക.