കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സിഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് ഉള്‍പ്പെടെ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് നാളെ പുറത്തിറങ്ങും. അനുമതി ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ കസ്റ്റഡി മരണത്തില്‍ ഏഴ് പൊലീസുകാരാണ് പ്രതികളായത്. ഏഴ് പേരെയും ഡിസംബറില്‍ സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ശ്രീജിത്ത് മരണത്തിന് കീഴടങ്ങിയത്. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര ക്ഷതത്തെ തുടര്‍ന്നായിരുന്നു മരണം. വാസുദേവന്റെ വീടാക്രമിച്ച കേസില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. അടിവയറ്റിലേറ്റ ചവിട്ടായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.