കോഴിക്കോട് : മുസ്ലിംലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത അമ്പത് ലക്ഷം രൂപ കണ്ടെടുത്തു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. ഇതിന്റ ഭാഗമായി തിങ്കളാഴ്ച രാവിലെ ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയിരുന്നു. കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലന്‍സ് എസ് പി ശശിധരന്റെ നേതൃത്വത്തില്‍ രാവിലെ ഏഴരയോടെയാണ് റെയ്ഡ് ആരംഭിച്ചത് 2012 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ 166 ശതമാനം അധിക വരുമാനം ഷാജിക്കുണ്ടായിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
കോഴിക്കോട് മാലൂര്‍ കുന്നിലേയുെ, കണ്ണൂരിലേയും വീടുകളിലാണ് പരിശോധന നടത്തുന്നത്. ഷാജിയുടെ സ്വത്ത് വിവരങ്ങളും, സാമ്പത്തീക ഇടപാടുകളുമാണ് പരിശോധിക്കുന്നത്. കഴിഞ്ഞ നവംബറില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തിയിരുന്നു.
അഭിഭാഷകനായ എം ആര്‍ ഹരീഷ് നല്‍കിയ ഹര്‍ജിയില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സ് പരിശോധന നടത്തിയത്. കെ എം ഷാജി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ കേസെടുക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥന് സ്വന്തം നിലയ്ക്ക് അധികാരമുണ്ടന്നു കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി എഫ്ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നും കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ടി. മധുസൂദനന്‍ ഷാജിക്കെതിരെ എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജി പരിഗണിക്കവേ പറഞ്ഞിരുന്നു.