തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആയിരക്കണക്കിന് വ്യാജ വോട്ടര്‍മാരെ ചേര്‍ത്ത് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അട്ടിമറിക്കാന്‍ വന്‍ ഗൂഡാലോചന നടന്നെന്നും 140 മണ്ഡലങ്ങളിലും വ്യാജ വോട്ടര്‍മാര്‍ പട്ടികയില്‍ ധാരാളം ഉണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഒരേ ഫോട്ടോയും വിലാസവും സഹിതമാണ് പേര് ചേര്‍ത്തിരിക്കുന്നത്. പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് കള്ളവോട്ടര്‍മാരുണ്ടെന്നും ആരോപിച്ചു. ഒരു വ്യക്തിയുടെ പേര് നാലും അഞ്ചും സ്ഥാനത്ത് ചേര്‍ത്തിരിക്കുന്നു. ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന സ്ത്രീയുടെ പേരും വിലാസവും അഞ്ചിടത്ത് ചേര്‍ത്തിരിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും അഞ്ചു തിരിച്ചറിയല്‍ കാര്‍ഡു നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഈ ശ്രമത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
പുതിയ വോട്ടര്‍ പട്ടിക അനുസരിച്ച് കഴക്കൂട്ടത്ത് 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തി. കൊല്ലത്ത് 2534 പേരെയും തൃക്കരിപ്പൂരില്‍ 1436 പേരെയും കൊയിലാണ്ടിയില്‍ 4611 പേരെയും നാദാപുരത്ത് 6181 പേരെയും കൂത്തുപറമ്പില്‍ 3521 പേരെയും വ്യാജവോട്ടര്‍മാരായി ചേര്‍ത്തു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വ്യാപകവും സംഘടിതമായും വ്യാജവോട്ടര്‍മാരെ ചേര്‍ക്കാന്‍ ശ്രമം നടന്നു. ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയിരക്കുന്നത്. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണം. കള്ളത്തരം കാട്ടിയ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും വോട്ടര്‍പട്ടിക സൃഷ്മമായി പരിശോധിച്ച് കുറ്റമറ്റ വോട്ടര്‍ പട്ടിക ഉണ്ടാക്കണമെന്നും ചെന്നിത്തല പറഞ്ഞു.