ന്യൂദല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനവിധി അന്തിമമല്ലെന്ന് സുപ്രീംകോടതി. 2018ല്‍ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി അവസാനത്തേത് അല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ. വിധിയിലെ ചിലകാര്യങ്ങള്‍ പരിശോധിക്കുന്നതിന് വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ട സാഹചര്യത്തില്‍ ഇപ്പോഴുള്ള വിധി അന്തിമമല്ലെന്നാണ് അദേഹം നിരീഷിച്ചത്. ബിന്ദു അമ്മിണിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും വിശാല ബെഞ്ചിന് വിട്ടതല്ലേയെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ അദേഹം ചോദിച്ചു. ഒരോരുത്തരുടെയും ഹര്‍ജി ഒരോ ദിവസവും കേള്‍ക്കാൻ പറ്റില്ലെന്നും അതിനാല്‍ രഹ്നഫാത്തിമ സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം ഇതും പരിഗണിക്കാമെന്ന് അദേഹം വ്യക്തമാക്കി. ഇതോടെ ശബരിമലയില്‍ യുവതി പ്രവേശനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുള്ള ഹര്‍ജി അടുത്ത ആഴ്ച്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.