മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ എം.എല്‍.എമാരെ ശിവസേന റിസോര്‍ട്ടിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്. രണ്ടുദിവസം റിസോര്‍ട്ടില്‍ കഴിയാന്‍ എം.എല്‍.എമാര്‍ക്ക് ഉദ്ധവ് താക്കറേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇരുപതോളം ശിവസേനാ എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. നിരവധി ശിവസേനാ എം.എല്‍.എമാര്‍ ദേവന്ദ്ര ഫഡ്‌നാവിസുമായി അടുപ്പം പുലര്‍ത്തുന്നുണ്ടെന്ന് ബി.ജെ.പി.പറഞ്ഞിരുന്നു . ഈ സാഹചര്യത്തിലാണ് എം.എല്‍.എമാരോട് റിസോര്‍ട്ടിലേക്ക് മാറാന്‍ ശിവസേനാ അധ്യക്ഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ബി.ജെ.പി. കുതിരക്കച്ചവടം നടത്തുന്നെന്നും പണം ഉപയോഗിച്ച് ശിവസേനാ എം.എല്‍.എമാരെ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നെന്നും മുഖപത്രമായ സാമ്‌നയിലൂടെ ഇന്ന് ശിവസേന ആരോപിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇന്ന് ശിവസേന നിയമസഭാകക്ഷിയോഗം ചേര്‍ന്നത്. ഉദ്ധവ് താക്കറേയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 56 എം.എല്‍.എമാരും പങ്കെടുത്തു. എല്ലാ എം.എല്‍.എമാരും നിര്‍ദേശം അംഗീകരിച്ചു.