തിരുവനന്തപുരം: സമരം തുടര്‍ന്നാല്‍ കേരളത്തിലെ മുഴുവന്‍ ശാഖകളും പൂട്ടുമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി ജോര്‍ജ്. സി.ഐ.ടി.യുവില്‍ വിശ്വാസമില്ലെന്നും തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ വ്യവസായം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് എന്ന് മുത്തൂറ്റ്. കേരളത്തില്‍ മുത്തൂറ്റ് പൂട്ടിയാല്‍ ഉത്തരവാദിത്തം മാനെജ്‌മെന്റിനല്ലെന്നും ജോര്‍ജ് പറഞ്ഞു . വനിത ജീവനക്കാര്‍ക്കും ജോലി ചെയ്യാന്‍ തയ്യാറായി വന്നവര്‍ക്കുമെതിരെ ആക്രമണമുണ്ടായപ്പോള്‍ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു. സര്‍ക്കാര്‍ ഒരു സംരക്ഷണവും തന്നില്ല. ജീവനക്കാര്‍ക്ക് നല്‍കിവരുന്ന ശമ്പളം ന്യായമല്ലെന്ന വാദം തെറ്റാണ്. ഇതുവരെ നടന്ന ചര്‍ച്ചകളുടെ ഭാഗമായി സമരക്കാര്‍ക്ക് തടഞ്ഞുവച്ചതുള്‍പ്പെടെ എല്ലാ അനുകൂല്യങ്ങളും നല്‍കിയിട്ടുണ്ട്.
യൂണിയന്‍ രൂപീകരിക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കാൻ സാദ്ധ്യമല്ല . പൊലിസ് സമരക്കാരുടെ കൂടെയാണ്. മുത്തൂറ്റിന് ഒരിടത്തും പൊലിസ് സംരക്ഷണമില്ല. സംസ്ഥാനത്ത് വ്യവസായങ്ങളും ഇത്തരം സ്ഥാപനങ്ങളും തുടങ്ങാനും നടത്തിക്കൊണ്ടുപോകാനും പ്രയാസമാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ പിശാചുക്കളാണ് ട്രേഡ് യൂനിയനുകള്‍. സര്‍ക്കാരുമായി ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ജോര്‍ജ് പറഞ്ഞു.