ആന്തൂര്‍: പ്രവാസി വ്യവസായി സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ ആന്തൂര്‍ നഗരസഭ തീരുമാനിച്ചു. നാല് ചട്ടലംഘനങ്ങള്‍ കണ്ടെത്തിയതില്‍ മൂന്ന് എണ്ണവും പരിഹരിച്ചതോടെയാണ് കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനിച്ചത്. വാട്ടര്‍ ടാങ്കിനെ സംബന്ധിച്ച ചട്ടലംഘനം ആറ് മാസത്തിനകം പരിഹരിക്കണമെന്നും നഗരസഭ നിര്‍ദ്ദേശിച്ചു.
കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള നടപടി എടുക്കാന്‍ ആന്തൂര്‍ നഗരസഭയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നഗരസഭാ സെക്രട്ടറിക്ക് തദ്ദേശ സ്വയംഭരണ വകുപ്പാണ് നിര്‍ദ്ദേശം നല്‍കിയത്. സാജന്‍ പാറയിലിന്റെ ഉടമസ്ഥതയിലുള്ള പാര്‍ഥാ കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനുള്ള നടപടി എടുക്കാനാണ് തദ്ദേശ സ്വയം ഭരണ അഡീഷണല്‍ സെക്രട്ടറി ടി.ജെ ജോസ് ഇറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചത്. നിര്‍മ്മാണത്തിലുണ്ടായിരുന്ന ചട്ടലംഘനങ്ങള്‍ പരിഹരിക്കാനും ഉത്തരവ് നിര്‍ദ്ദേശിച്ചിരുന്നു.
അതിനിടെ ചട്ടലംഘനം പരിഹരിച്ചുകൊണ്ട് സാജന്റെ കുടുംബം വീണ്ടും അപേക്ഷ സമര്‍പ്പിച്ചതോടെ പ്രവര്‍ത്തനാനുമതി ലഭിക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങി. കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് സാജന്‍ ആത്മഹത്യ ചെയ്തത് വന്‍ രാഷ്ട്രീയ വിവാദമായിരുന്നു.