കൊച്ചി: എറണാകുളത്ത് സിപിഐ സമരത്തിന് നേരെ നടന്ന പൊലീസ് ലാത്തിചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കയ്യൊടിഞ്ഞു. എംഎല്‍എയും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവും ഉള്‍പ്പെടെയുള്ള ഏഴ് പേര്‍ക്ക് ലാത്തി ചാര്‍ജില്‍ പരിക്കേറ്റിട്ടുണ്ട്. വിദഗ്ധ ചികിത്സക്കായി എംഎല്‍എയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സിപിഐ ജില്ലാ സെക്രട്ടറിയെ തടഞ്ഞ എസ്എഫ്ഐയ്ക്കാര്‍ക്കെതിരെ നടപടിയെടുക്കാതിരുന്ന ഞാറയ്ക്കല്‍ സിഐയ്ക്ക് എതിരെ നടപടിയാവശ്യപ്പെട്ടാണ് സിപിഐ ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേരെ പൊലീസ് ജലപിരങ്കി പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു.
വൈപ്പിന്‍ ഗവണ്‍മെന്റ് കോളജിലെ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തില്‍ പരിക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു രാജുവിനെ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്.