തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എല്‍ജിഎസ് – സിപിഒ ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞ് സര്‍ക്കാര്‍. സിപിഒ പട്ടിക പുനരുജ്ജീവിപ്പിക്കില്ലെന്ന് പിഎസ്‌സി വ്യക്തമാക്കി. അതേസമയം, 82 ദേശീയ ഗെയിംസ് കായിക താരങ്ങള്‍ക്ക് ജോലി നല്‍കിയതോടെ അവരുടെ സമരം പിന്‍വലിച്ചു.
മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 82 കായിക താരങ്ങളെ കായിക യുവജന കാര്യ ഡയറക്ടറേറ്റില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമിക്കാന്‍ തീരുമാനിച്ചതായി തീരുമാനം വന്നതിന് പിന്നാലെ സെക്രട്ടേറിയറ്റ് സമരവേദിയില്‍ ഒരു വശത്ത് ആഹ്ലാദാരവം. മറുവശത്ത് നിരാശ.
കായികതാരങ്ങള്‍ മധുരവിതരണം നടത്തി ആഹ്ലാദം പങ്കിട്ടപ്പോള്‍ സര്‍ക്കാര്‍ അവഗണനയില്‍ നിരത്തിലൂടെ ഇഴഞ്ഞ സിപിഒ സമരം സങ്കടക്കാഴ്ചയായി. കെഎപി ആറാം ബറ്റാലിയന്‍ രൂപീകരിക്കാന്‍ തീരുമാനിക്കുമ്പോഴും റദ്ദായ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രതീക്ഷയില്ല.കാലാവധി നീട്ടണമെന്ന ആവശ്യം പിഎസ്‌സിയും തള്ളുമ്പോള്‍ ഇനിയൊരു കച്ചിത്തുരുമ്പില്ല അവര്‍ക്ക്.