കൊല്ലം: മാതാവിനെ മകന്‍ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ചെമ്മാം മുക്ക് ക്രിസ്തുരാജ് സ്‌കൂളിന് സമീപം പട്ടത്താനം നീതി നഗര്‍ കിഴക്കതില്‍ വീട്ടില്‍ പരേതനായ സുന്ദരേശന്റെ ഭാര്യ സാവിത്രി അമ്മ(84) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മറ്റൊരു കൊലക്കേസ് പ്രതി കൂടിയായ മകന്‍ സുനില്‍കുമാറിനെ(50) പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്ത്-പണ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സുനില്‍കുമാറിനൊപ്പം താമസിച്ചിരുന്ന സാവിത്രി അമ്മയെ കഴിഞ്ഞ സെപ്തംബര്‍ മൂന്ന് മുതല്‍ കാണാതായിരുന്നു. ഹരിപ്പാട് താമസിക്കുന്ന മകള്‍ ലാലി ഫോണില്‍ ബന്ധപ്പെട്ടിട്ടും സാവിത്രി അമ്മയെ കിട്ടാഞ്ഞതിനെ തുടര്‍ന്ന് ഏഴിന്് സ്ഥലത്തെത്തി അയല്‍വാസികളോടെല്ലാം അന്വേഷിച്ചു. ബന്ധുവീടുകളിലും തിരക്കി. വിവരമൊന്നും ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. സാവിത്രി അമ്മ ഇടയ്ക്കിടെ പാലയിലുള്ള ഒരു മഠത്തിലും ഓച്ചിറയിലും പോകാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടങ്ങളിലെല്ലാം പോയി. ഇതിനിടയില്‍ സുനില്‍കുമാര്‍ സ്റ്റേഷനിലെത്തി അമ്മയെക്കുറിച്ച് വല്ലവിവരവും ലഭിച്ചോയെന്ന് പലതവണ അന്വേഷിച്ചു. താനും ബന്ധുവീടുകളിലെല്ലാം അന്വേഷിച്ച് വരികയാണെന്നും സുനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുനില്‍കുമാര്‍ ഒരു ബന്ധുവീട്ടിലും അന്വേഷിച്ച് ചെന്നിട്ടില്ലെന്ന് വ്യക്തമായി. സാവിത്രി അമ്മയെ കാണാതായ ദിവസം വീട്ടില്‍ ബഹളവും നിലവിളിയും കേട്ടതായും സുനില്‍ കുമാര്‍ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയുമായി വഴക്കാണെന്നും അയല്‍വാസികള്‍ മൊഴി നല്‍കി. ഇതിനെ തുടര്‍ന്ന് പൊലീസ് വെള്ളിയാഴ്ച സുനില്‍കുമാറിനെ കസ്റ്റഡിയിലെടുത്തു.
