പേരാമ്പ്ര: തകര്‍ന്നു കുണ്ടും കുഴിയുമായി കിടക്കുന്ന പന്തിരിക്കര-പടത്തുകടവ് റോഡ് പണം മുടക്കി നാട്ടുകാര്‍ നന്നാക്കുന്നു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മേഖലയില്‍ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള റോഡാണിത്. ഇരുചക്രവാഹനത്തില്‍ വരുന്ന പലരും ഗര്‍ത്തത്തില്‍ വീഴുന്നതിനു സാക്ഷിയായ പാതയോരത്തെ താമസക്കാരനായ എന്‍.കെ കൃഷ്ണനാണു റോഡു നന്നാക്കല്‍ ആശയം നാട്ടുകാരുടെ മുന്നില്‍ വെച്ചത്. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ജലസേചന വകുപ്പ് അനുവാദം നല്‍കി. ഗ്രാമപഞ്ചായത്ത് ക്വാറി വേസ്റ്റ് നല്‍കി.നാട്ടുകാര്‍ കൈയയച്ചു സംഭാവനയും നല്‍കി. ഗര്‍ത്തങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തു അടക്കുന്ന പ്രവര്‍ത്തിയുടെ നേതൃത്വം നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (ഐ.എന്‍.ടി.യു.സി) ചങ്ങരോത്ത് മണ്ഡലം പ്രസിഡന്റുകൂടിയായ എന്‍.കെ കൃഷ്ണന്‍ തന്നെ ഏറ്റെടുത്തു. സന്തോഷ് കോശി, റ്റി.റ്റി.കെ ഗോപാലന്‍, തയ്യില്‍ കണ്ണന്‍, തേവര്‍ കോട്ടയില്‍ കപ്പല്‍ അവറാച്ചന്‍ തുടങ്ങിയവര്‍ ഉദ്യമത്തിനു നേതൃത്വം നല്‍കുന്നുണ്ട്. വാര്‍ഡ് മെമ്പര്‍ കെ.കെ ലീലയും സര്‍വ സഹായവുമായി നാട്ടുകാര്‍ക്കൊപ്പമുണ്ട്.
