കുട്ടികളുടെ ശാസ്ത്രമാസിക യൂറീക്കയ്ക്ക് 50 വയസ്  

145 0

മലയാളത്തിലെ മറ്റ് ബാലപ്രസിദ്ധീകരണങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ശാസ്ത്ര മാസിക യൂറീക്ക അരനൂറ്റാണ്ട് തികയ്ക്കുന്നു. 2019 ജൂണില്‍ യുറീക്ക അമ്പതാം വയസ്സിലേക്ക് പ്രവേശിക്കും. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലമായി കേരളത്തിലെ കുട്ടികള്‍ ശാസ്ത്രത്തിന്റെ വികാസത്തെ കുറിച്ച് അറിയാന്‍ ഉപയോഗിക്കുന്ന മാധ്യമമാണ് യൂറീക്ക. ശാസ്ത്രീയ സമീപനത്തിനും ശാസ്ത്രബോധത്തിനും ഊന്നല്‍ നല്‍കുന്ന യുറീക്ക മലയാളത്തിലെ മറ്റ് ബാലപ്രസിദ്ധീകരണങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നു. കുട്ടികളെ അന്വേഷണത്തിന് പ്രേരിപ്പിക്കുംവിധത്തിലാണ് യുറീക്കയുടെ ഉള്ളടക്കം. മാത്തന്‍ മണ്ണിരക്കേസ്, ഇടിയന്‍ മുട്ടന്‍, മാഷോടു ചോദിക്കാം, ഹരീഷ് മാഷും കുട്ട്യോളും, ഭൂമിയിലെത്തിയ വിരുന്നുകാര്‍ തുടങ്ങി കുട്ടികളുടെയിടയില്‍ ഹിറ്റായ നിരവധി രചനകള്‍ ഇതിനോടകം യുറീക്കയിലൂടെ വെളിച്ചംകണ്ടു.

1970 ജൂണ്‍ ഒന്നിന് ഡോ. കെ എന്‍ പിഷാരടി ചീഫ് എഡിറ്ററും ടി ആര്‍ ശങ്കുണ്ണി മാനേജിങ് എഡിറ്ററുമായി തൃശൂരില്‍നിന്നാണ് യുറീക്ക പിറന്നത്. യുറീക്കാമാമന്‍ എന്ന പേരിലാണ് യുറീക്കയുടെ എഡിറ്റര്‍ കുട്ടികള്‍ക്കിടയില്‍ പരിചിതനായത്. ഡോ. കെ എന്‍ പിഷാരടി, എം സി നമ്പൂതിരിപ്പാട്, പ്രൊഫ. എസ് ശിവദാസ്, സി ജി ശാന്തകുമാര്‍, കേശവന്‍ വെള്ളികുളങ്ങര, ഡോ. കെ കെ രാഹുലന്‍, ഡോ. കെ പവിത്രന്‍, എ വി വിഷ്ണുഭട്ടതിരിപ്പാട്, പ്രൊഫ. എം ശിവശങ്കരന്‍, പ്രൊഫ. കെ ശ്രീധരന്‍, പ്രൊഫ. കെ പാപ്പുട്ടി, കെ ടി രാധാകൃഷ്ണന്‍, കെ ബി ജനാര്‍ദനന്‍, രാമകൃഷ്ണന്‍ കുമരനെല്ലൂര്‍, ഇ എന്‍ ഷീജ തുടങ്ങിയവര്‍ യുറീക്കയുടെ എഡിറ്റര്‍മാരായിരുന്നു. സി എം മുരളീധരന്‍ ഇപ്പോള്‍ എഡിറ്ററും എം ദിവാകരന്‍ മാനേജിങ് എഡിറ്ററുമാണ്.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആദ്യകാല പ്രവര്‍ത്തനങ്ങള്‍. 1970ന് കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കോട്ടയം, ഷൊര്‍ണൂര്‍, മലപ്പുറം, ബംഗളുരു എന്നിവിടങ്ങളില്‍ പ്രകാശനം നടന്നു.

ആദ്യ ലക്കത്തില്‍ ബാലാമണിയമ്മയാണ് യുറീക്കയുടെ ദര്‍ശനം വായനക്കാര്‍ക്ക് മുന്നിലവതരിപ്പിച്ചത്. ഡോ. കെ ജി അടിയോടി, ഡോ. കെ എന്‍ പിഷാരടി, ഡോ. കെ പവിത്രന്‍, ബി വിജയകുമാര്‍, ഒ ടി പീറ്റര്‍, പ്രൊഫ. എ അച്യതന്‍, എം സി നമ്പൂതിരിപ്പാട്, രേവതി, എം സോമന്‍ എന്നിവരായിരുന്നു ആദ്യ ലക്കത്തിലെ ലേഖകര്‍. ലേഖനങ്ങളും ചെറുകുറിപ്പുകളും ലളിതാംബിക അന്തര്‍ജനത്തിന്റെ മോഹം എന്ന കഥയുമായിരുന്നു ആദ്യലക്കത്തിലെ ഉള്ളടക്കം. തുടക്കത്തില്‍ ഒരു കോപ്പിക്ക് മുപ്പത് പൈസയും വാര്‍ഷിക വരിസംഖ്യ മൂന്ന് രൂപയുമായിരുന്നു വില.

1980കളുടെ തുടക്കത്തിലാണ് യൂറീക്കയുടെ പ്രസിദ്ധീകരണം കോഴിക്കോട്ടേക്ക് മാറ്റിയത്. 2002 ഓഗസ്റ്റ് മുതല്‍ യുറീക്ക ദ്വൈവാരികയായി മാറി. പല പുതിയ ശാസ്ത്ര വിവരങ്ങളെയും കേരളത്തിലെ കുട്ടികള്‍ക്ക് ആദ്യമായി പരിചയപ്പെടുത്തുന്നതില്‍ യുറീക്ക മുഖ്യമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്. വായിച്ചു വളരാനും അറിവു നേടാനും കേരളത്തിലെ യുറീക്ക വായനക്കാരായ കുട്ടികളെ പ്രേരിപ്പിക്കുന്നതില്‍ യുറീക്ക വലിയ ഒരളവു വരെ വിജയിച്ചിട്ടുണ്ട്. യുറീക്ക വിജ്ഞാന പരീക്ഷ ,വിജ്ഞാനോത്സവം എന്നീ മത്സരപരീക്ഷകള്‍ ഏറെ പ്രശസ്തമാണ്.

കുട്ടികളെ കൂടി പങ്കെടുപ്പിച്ചാണ് യൂറീക്ക തയ്യാറാകുന്നത്. കുട്ടികളുടെ രചനകള്‍ക്കായുള്ള ചുവടുകള്‍ എന്ന പംക്തി വര്‍ഷങ്ങളായി തുടരുന്നു. കുട്ടികള്‍ രചനയും ചിത്രീകരണവും എഡിറ്റിങ്ങും നിര്‍വഹിച്ച് തയ്യാറാക്കുന്ന പ്രത്യേക ലക്കങ്ങള്‍ യുറീക്കയുടെ സവിശേഷതയാണ്. ഇതിനകം പന്ത്രണ്ട് ലക്കങ്ങള്‍ ഇങ്ങനെ കുട്ടികളുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

2019 ജൂണ്‍ മുതല്‍ 2020 ജൂണ്‍ വരെയുള്ള ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് യുറീക്കയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും തയ്യാറെടുക്കുകയാണ്. മലയാളത്തിലെ ബാലശാസ്ത്ര മാസികകളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കുന്നതായിരുന്നു യുറീക്കയുടെ വളര്‍ച്ച. ശിശു കേന്ദ്രീകൃത വിദ്യാഭ്യാസ പരിപാടിക്കും പാഠ്യപദ്ധതി പരിഷ്‌കരണത്തിനും മാസിക നല്‍കിയ സംഭാവനകളും ചെറുതല്ല.

Related Post

വിശ്വസാഹിത്യ പ്രതിഭകളില്‍ അഗ്രഗണ്യന്‍ ലിയോ ടോള്‍സ്റ്റോയ്  

Posted by - May 13, 2019, 03:38 pm IST 0
കാലത്തെ അതിജീവിച്ച മഹത്തരങ്ങളായ ''യുദ്ധവും സമാധാനവും'' ''അന്നാകരേനിന'' എന്നീ നോവലുകളുടെ രചനയിലൂടെ ലോകപ്രശസ്തനായ റഷ്യന്‍ നോവലിസ്റ്റും തത്വചിന്തകനുമാണ് ലിയോ ടോള്‍സ്റ്റോയ് വിശ്വസാഹിത്യ പ്രതിഭകളില്‍ അഗ്രഗണ്യനായ അദ്ദേഹം മൗലിക…

ചിന്തകള്‍ സംസാരിച്ചപ്പോള്‍; ആരാച്ചാരുടെ വായനയില്‍ മനസിലുണര്‍ന്ന ചിന്തകള്‍  

Posted by - May 13, 2019, 03:40 pm IST 0
മീനാക്ഷി തുളസിദാസ് കെ.ആര്‍ മീരയുടെ പ്രശസ്ത കൃതി ആരാച്ചാര്‍ വായിച്ചപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകള്‍ ഞാനിവിടെ കുറിക്കുന്നു. സ്ത്രീകള്‍ക്ക് സ്നേഹിക്കാനേ അറിയൂ .വശീകരണം കലര്‍ന്ന സ്നേഹമാണ്…

വായനശാലകള്‍ ആളൊഴിഞ്ഞ കേന്ദ്രങ്ങള്‍; പുസ്തകങ്ങള്‍ക്ക് ചില്ലലമാരകളില്‍ വിശ്രമം  

Posted by - May 24, 2019, 02:02 pm IST 0
മലയാളിയുടെ വായനാശീലത്തെ കൈപിടിച്ചു വളര്‍ത്തിയത്‌നമ്മുടെ നാട്ടിന്‍പുറത്തെ വായനശാലകളാണ്. ഇന്ന്പുസ്തകം മരിക്കുന്നു, വായന തളരുന്നു തുടങ്ങിയ മുറവിളികള്‍ ഉയരുമ്പോള്‍ നമ്മള്‍ അന്വേഷിക്കേണ്ടത് നാട്ടിന്‍പുറങ്ങളിലെ വായനശാലകളെവിടെയെന്നതാണ്. വായനശാലകള്‍ഒട്ടുമിക്കവയും ഇന്ന്ആളൊഴിഞ്ഞ കേന്ദ്രങ്ങളായിക്കഴിഞ്ഞു.…

Leave a comment