തിരുവനന്തപുരം: ഫാനി ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ഭാഗമായി കേരളത്തില്‍ നാളെ മുതല്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
കോട്ടയം മുതല്‍ വയനാട് വരെയുള്ള 8 ജില്ലകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തസാധ്യത മുന്നില്‍ കണ്ട് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.
ഫാനി ചുഴലിക്കാറ്റിന്റെ തീവ്രത അടുത്ത 24 മണിക്കൂറില്‍ വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ചയോടെ വടക്കന്‍ തമിഴ്നാട് തീരം തൊട്ടേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് തീരമേഖല. വടക്കന്‍ തമിഴ്‌നാട്ടിലും ആന്ധ്രാ തീരങ്ങളിലും ദുരന്തനിവാരണ സേനയുടെ അടക്കം സേവനം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.
തെക്കുകിഴക്കന്‍ ശ്രീലങ്കയോടു ചേര്‍ന്ന് കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായിക്കഴിഞ്ഞു. ഇത് 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച്, ഫാനി ചുഴലിക്കാറ്റായി 30-ന് ആന്ധ്ര, തമിഴ്‌നാട് തീരത്തെത്തും. മണിക്കൂറില്‍ 90-115 കിലോമീറ്ററാകും വേഗം. കാറ്റിന്റെ ഗതി ഇന്നു കൂടുതല്‍ വ്യക്തമാകും.ശക്തമായ മഴ പ്രതീക്ഷിക്കുന്ന നാളെയും മറ്റന്നാളും സംസ്ഥാനത്തു മണിക്കൂറില്‍ 40-50 കി.മീ. വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.