കാസര്‍ക്കോട്: ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസര്‍കോട്ടും പാലക്കാട്ടും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തി.
വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തു.
ഇവര്‍ക്ക് സ്ഫോടനത്തില്‍ പങ്കുള്ളതായി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ചോദ്യംചെയ്യലിനായി നാളെ കൊച്ചിയിലെത്താന്‍ നോട്ടീസ് നല്‍കി.
ഇന്ന് രാവിലെയാണ് കൊച്ചിയിലെ എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്. നേരത്തെ സ്‌ഫോടനം നടത്തിയവര്‍ക്ക് കേരളവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ ഹാഷിമുമായി ഇരുവര്‍ക്കും ബന്ധമുണ്ടായിരുന്നുവെന്നാണ് എന്‍ഐഎ സംശയിക്കുന്നത്. കൊല്ലപ്പെട്ട സഹ്രാന്‍ ഹാഷിമുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിനായാണ് റെയ്ഡ് നടത്തിയത്.
മുമ്പ് തീവ്രവാദ സംഘനകളുമായി ബന്ധമുള്ള ഒരാളെ പാലക്കാടു നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കാട് നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു. കൊല്ലങ്കോട് ഭാഗത്ത് ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് ഇയാള്‍ കസ്റ്റഡിയിലായത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി. നാഷണല്‍ തൗഹീദ് ജമാഅത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണ് ഇയാളെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. നിലവില്‍ ഇയാള്‍ സംഘടനയില്‍ സജീവമാണോയെന്ന് വ്യക്തമല്ല. അതേസമയം നേരത്തെയുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ ചാവേറുകള്‍ കേരളത്തിലും തമിഴ്നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെ തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലും തെരച്ചില്‍ ശക്തമാക്കിയിരുന്നു. സഹ്രാന്‍ തമിഴ്നാട്ടിലും കേരളത്തിലും സ്ഥിരമായി വന്നു പോകാറുണ്ടെന്ന് ശ്രീലങ്കയിലെ പ്രമുഖ ഇഗ്ലീഷ് പത്രമായ ഡെയ്ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആലുവയ്ക്കടുത്ത് പാനായിക്കുളത്തും മലപ്പുറത്തും സഹ്രാന്‍ പ്രഭാഷണങ്ങള്‍ക്കായി എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കോയമ്പത്തൂരിലെത്തിയ ഒരു അജ്ഞാതന്‍ നിരവധി പേരെ സന്ദര്‍ശിക്കുന്നതായി എന്‍ഐഎയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെക്കുറിച്ചും എന്‍ഐഎ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കോയമ്പത്തൂരടക്കം തമിഴ്‌നാട്ടിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ചവരുടെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കുും.
നാഷണല്‍ തൗഹീദ് ജമാഅത്തിന് കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ അനുഭാവികളുണ്ട് എന്നാണ് എന്‍ഐഎയ്ക്ക് ലഭിക്കുന്ന വിവരം. ഇക്കാര്യങ്ങള്‍ ശ്രീലങ്കയിലടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ത്തകളുടേയും ശ്രീലങ്കയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് എന്‍ഐഎ കാസര്‍കോടും പാലക്കാടും റെയ്ഡ് നടത്തിയത്.
കൊളംബോയിലെ ആദ്യ സ്ഫോടനം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വരെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് സ്ഫോടനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്രിസ്ത്യന്‍ പള്ളികള്‍ അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.
ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയില്‍ സ്ഫോടന പരമ്പര നടന്നത്. എട്ടിടങ്ങളിലായി നടന്ന സ്ഫോടന പരമ്പരയില്‍ എട്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 359 പേരാണ് കൊല്ലപ്പെട്ടത്.