മുംബൈ: അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസിന്റെ അന്വേഷണം സർക്കാർ അവസാനിപ്പിച്ചു. കേസില്‍ അദ്ദേഹത്തിനെതിരെ തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമാണ് അജിത് പവാറിനെതിരായ അഴിമതിക്കേസ് അന്വേഷണസംഘം അവസാനിപ്പിച്ചത്.
അന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ സമര്‍പ്പിച്ചു. വിദര്‍ഭ ഇറിഗേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അജിത് പവാറിനെതിരായി അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അജിത് പവാര്‍ ഇറിഗേഷന്‍ വകുപ്പു മന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നിരുന്നത്. വിദര്‍ഭ മേഖലകളിലെ വരള്‍ച്ചാ പ്രതിരോധത്തിന് ഡാമുകളും ചെക്ക്ഡാമുകളും നിര്‍മിക്കുന്നതായിരുന്നു പദ്ധതി.