ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ റാഹ്മൂ മേഖലയിലെ പോളിങ് ബൂത്തിനുനേരെ ഗ്രനേഡ് ആക്രമണം. പുല്‍വാമയിലെ തന്നെ ത്രാല്‍ മേഖലയില്‍ മറ്റൊരു പോളിങ് ബൂത്തിനുനേര്‍ക്ക് കല്ലേറും ഉണ്ടായി. അതേസമയം, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആരോപിച്ചു. ബോന്‍ഗാവിലെ ശന്തനു ഠാക്കൂര്‍, ബാരക്പുരില്‍ ബിജെപി സ്ഥാനാര്‍ഥിയായ അര്‍ജുന്‍ സിങ് എന്നിവരാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചതായി ആരോപിച്ചു രംഗത്തെത്തിയത്. ബാരക്പുരില്‍ സംഘര്‍ഷത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലെ 674 സ്ഥാനാര്‍ഥികളുടെ വിധിയാണ് ഇന്ന് നിര്‍ണയിക്കുന്നത്. ഒന്‍പതു കോടിയോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.
2014 ലെ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ 40 ലും വിജയം ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കുമായിരുന്നു. ബാക്കി സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ഏഴ്), കോണ്‍ഗ്രസ് (രണ്ട്) എന്നിവര്‍ക്കും മറ്റു പ്രതിപക്ഷ കക്ഷികള്‍ക്കുമാണ് ലഭിച്ചത്. യു.പി. (14), രാജസ്ഥാന്‍ (12), ബംഗാള്‍ (ഏഴ്), മധ്യപ്രദേശ് (ഏഴ്), ബിഹാര്‍ (അഞ്ച്), ഝാര്‍ഖണ്ഡ് (നാല്), ജമ്മു കശ്മീര്‍ (രണ്ട്) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. അഞ്ചാം ഘട്ടത്തോടെ 424 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാകും. അവശേഷിക്കുന്ന 118 സീറ്റുകളിലേക്ക് ഈ മാസം 12 നും 19 നുമാണ് വോട്ടെടുപ്പ്.