ഡല്‍ഹി: അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള 51 മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. യുപിയില്‍ 14 ഉം രാജസ്ഥാനില്‍ 12 ഉം ബംഗാളിലും മധ്യപ്രദേശിലും ഏഴു വീതം സീറ്റിലും ബിഹാറില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ നാലും കശ്മീരില്‍ രണ്ടും സീറ്റിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലുമാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രധാന മണ്ഡലങ്ങള്‍. രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി മല്‍സരിക്കുന്ന അമേഠിയില്‍ കൊട്ടിക്കലാശത്തിന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ എത്തും. മണ്ഡലത്തില്‍ റോഡ് ഷോയില്‍ അമിത് ഷാ പങ്കെടുക്കും.
പ്രിയങ്ക ഗാന്ധി അമേഠിയിലും റായ് ബറേലിയിലും കേന്ദ്രീകരിച്ചാണ് അഞ്ചാം ഘട്ടത്തില്‍ യുപിയില്‍ പ്രചാരണം നടത്തിയത്. കോണ്‍ഗ്രസ് പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലും ബിഹാറിലും ഇന്ന് പ്രചാരണം നടത്തും.