ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പോറയില്‍ ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 44 ആയി.
കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ഉണ്ടായിരിക്കുന്നത്. 1980 ശേഷം ഇത്രവലിയൊരു ആള്‍നാശം സുരക്ഷാ സേനയ്ക്ക് ഉണ്ടാക്കിയ ആക്രമണം ഇതാദ്യമാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കശ്മീരില്‍ ഉണ്ടായ 18ാമത്തെ വലിയ ആക്രമണവും. 2016 സെപ്റ്റംബര്‍ 18ന് ഉറിയില്‍ സൈനിക ക്യാമ്ബിന് നേരെ ഉണ്ടായ ആക്രമണത്തിന് ശേഷം സേനയ്ക്ക് വലിയതോതില്‍ ആള്‍നാശം ഉണ്ടായ ഭീകരാക്രമണം കൂടിയാണ് ഇത്.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.25നാണ്, ജമ്മു-കശ്മീരിന്‍റെ ചരിത്രത്തില്‍ ഇന്ത്യന്‍ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ഭീകരാക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 350 കിലോഗ്രാം സ്‌ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് തീവ്രവാദി സ്‌ഫോടനം നടത്തിയത്. വാഹന വ്യൂഹത്തിന്‍റെ മധ്യഭാഗത്തായി 42 പേര്‍ സഞ്ചരിച്ച ബസിലേയ്ക്കാണ് ഇയാള്‍ സ്‌കോര്‍പ്പിയോ വാഹനം ഇടിച്ചു കയറ്റിയത്. ജയ്‌ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയത്. പുല്‍വാമ സ്വദേശിയായ ഇയാള്‍ 2018 ലാണ് ജയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് പോയ വാഹനവ്യൂഹത്തില്‍ 78 ബസുകളുണ്ടായിരുന്നു. 2500 ലധികം ജവാന്മാരാണ് വാഹനങ്ങളിലുണ്ടായിരുന്നത്.
ഉഗ്രസ്‌ഫോടനത്തില്‍ ബസ് വെറും ലോഹക്കഷണമായി മാറി. ശരീരഭാഗങ്ങള്‍ ആക്രമണസ്ഥലത്തിനു ചുറ്റും ചിതറിത്തെറിച്ചു. സ്‌ഫോടനശബ്ദം 12 കിലോമീറ്റര്‍ അകലെവരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്നരയ്ക്ക് ജമ്മുകശ്മീരില്‍നിന്ന് പുറപ്പെട്ട വാഹനവ്യൂഹം വൈകീട്ട് മൂന്നേകാലിന് അവന്തിപ്പോറയില്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ശ്രീനഗറിലെത്താന്‍ വെറും 30 കിലോമീറ്റര്‍ മാത്രം ശേഷിക്കെയാണ് ആക്രമണം നടന്നത്.
അന്വേഷണത്തിനായി 12 അംഗ എന്‍ഐഎ സംഘം ജമ്മു കശ്മീരിലെത്തും. ഇന്ന് ഡല്‍ഹിയില്‍ അടിയന്തിര കാബിനറ്റ് മീറ്റിംഗ് നടക്കും. യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധമന്ത്രി നിര്‍മ്മല സിതാരാമന്‍, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി തുടങ്ങിയവര്‍ സംബന്ധിക്കും. കൂടാതെ, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും സ്ഥിതിഗതികള്‍ വിലയിരുത്തി.
അതേസമയം, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കാശ്മീരിലെത്തും.
ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില കൊള്ളുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു.