കേദാര്‍നാഥ്: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോഡി കേദാര്‍ നാഥില്‍. ഉത്തരാഖണ്ഡില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് മോഡി എത്തിയിരിക്കുന്നത്. കേദാര്‍നാഥിനു സമീപമുള്ള പുണ്യ ഗുഹയ്ക്കുള്ളില്‍ അഗാധ ധ്യാനത്തില്‍ ഇരിക്കുന്ന മോഡിയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് മോഡിയുടെ പുണ്യഭൂമിയിലെ യാത്ര ശ്രദ്ധേയമായത്. കേദാര്‍നാഥ് അമ്പലത്തിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷമാണ് മോഡി കാവി പുതച്ച് ഗുഹയ്ക്കുള്ളില്‍ ധ്യാനത്തിലായിരുന്നത്.
രണ്ടരമണിക്കൂറോളം നടന്നാണ് മോദി കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനിക്കാനെത്തിയത്. മോദി നാളെ പുലര്‍ച്ചെ വരെ ഗുഹയില്‍ ഏകാന്തധ്യാനം നടത്തുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ അറിയിക്കുന്നത്. മാധ്യമങ്ങളുടെ ആവശ്യപ്രകാരമാണ് മോദിയുടെ ദൃശ്യങ്ങളെടുക്കാന്‍ അനുവദിച്ചതെന്നും ഏകാന്ത ധ്യാനം തുടങ്ങിയാല്‍ പിന്നെ ആരെയും ഗുഹയ്ക്ക് പരിസരത്തേക്ക് പോകാന്‍ അനുവദിക്കില്ലെന്നും എന്‍ഐഎ അറിയിക്കുന്നു.
പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ചാണ് കേദാര്‍നാഥ് ക്ഷേത്രത്തില്‍ മോദി ദര്‍ശനം നടത്തിയത്. അരമണിക്കൂറോളം മോദി ക്ഷേത്രത്തില്‍ ചെലവഴിച്ചു. ക്ഷേത്രം വലം വയ്ക്കുകയും ചെയ്തു. കേദാര്‍നാഥില്‍ത്തന്നെ ഉച്ചയ്ക്ക് ശേഷം ഒരു ഗുഹയില്‍ മോദി ധ്യാനിക്കുന്നതിന്റെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടു.
ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഞായറാഴ്ച ബദ്രിനാഥ് ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയതിനു ശേഷമായിരിക്കും ഉച്ചകഴിഞ്ഞ് ഡല്‍ഹിക്ക് മടങ്ങുക. മാധ്യമ പ്രവര്‍ത്തകരെയെല്ലാം മടക്കി അയച്ച മോഡി നാളെ രാവിലെ വരെ രുദ്രാ ഗുഹയില്‍ ഏകാന്ത ധ്യാനം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പരിസരം മുഴുവന്‍ കനത്ത സുരക്ഷയിലാണ്.
63 ദിവസം നീണ്ട മാരത്തോണ്‍ പ്രചാരണത്തിനൊടുവില്‍ അവസാന ഘട്ട തെരഞ്ഞെടുപ്പിന്റെ തലേന്നാണ് മോദി കേദാര്‍നാഥില്‍ തീര്‍ത്ഥാടനത്തിനെത്തുന്നത്. മോദിയുടെ മണ്ഡലമായ വാരാണസിയടക്കം 59 മണ്ഡലങ്ങളാണ് അവസാനഘട്ട തെരഞ്ഞെടുപ്പില്‍ ജനവിധിയെഴുതുക. മൂന്ന് ദിവസത്തിന് ശേഷം മെയ് 23-ന് ജനവിധിയറിയാം. ഔദ്യോഗിക യാത്രയാണെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിമാലയ യാത്രക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയത്. മാതൃകാ പെരുമാറ്റച്ചട്ടം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് പിഎംഒയോട് കമ്മീഷന്‍ ഓര്‍മിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.
കേദാര്‍നാഥില്‍ മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദീപാവലി സമയത്തും മോദി കേദാര്‍നാഥില്‍ ദര്‍ശനം നടത്തിയിരുന്നു.