ജയ്പൂര്‍: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഭീകരവാദത്തിനെതിരായ യുദ്ധത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ലക്ഷ്യം വെക്കുന്നവര്‍ക്ക് എതിരെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ തുടക്കം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇന്ന് മുതല്‍ രാജ്യം ആരില്‍ നിന്നെങ്കിലും അപായ വെല്ലുവിളി നേരിടുകയാണെങ്കില്‍ അവരുടെ വീട്ടില്‍ കയറി ഇല്ലാതാക്കും. അവര്‍ നമുക്കെതിരെ വെടിയുതിര്‍ത്താല്‍ നമ്മള്‍ അവര്‍ക്കെതിരെ ബോംബ് വര്‍ഷിക്കും'- മോദി പറഞ്ഞു. ജയ്പൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ 10വര്‍ഷമായി ആഗോള ഭീകരരുടെ പട്ടികയില്‍ മസൂദ് അസറിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. യു.കെയും ബ്രിട്ടനും യു.എസ്സും ഉള്‍പ്പെട്ട രാജ്യങ്ങള്‍ അസറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് യു.എന്നില്‍ പ്രമേയം അവതരിപ്പിച്ചപ്പോള്‍ വീറ്റോ അധികാരം ഉപയോഗിച്ച് ചൈന എതിര്‍പ്പ് പ്രകടിപ്പിച്ചരുന്നു. ഇപ്പോള്‍ ചൈന ഇതില്‍ നിന്ന് പിന്മാറിയതോടെയാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.
'കഴിഞ്ഞ കുറഞ്ഞ വര്‍ഷങ്ങളായി ലോകം ഇന്ത്യയെ ശ്രവിച്ചു കൊണ്ടിരിക്കുകയാണ്. അത് നമുക്ക് ഇനി അവഗണിക്കാനാവില്ല. എന്നാല്‍ ഇത് വെറും തുടക്കം മാത്രമാണെന്ന് തുറന്നു പറയാന്‍ ആഗ്രഹിക്കുകയാണ് ഞാന്‍. എന്താണ് ഇനി സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം' – മോദി വ്യക്തമാക്കി.
അന്താരാഷ്ട്ര സമൂഹം തീവ്രവാദത്തിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം നിന്നു. എന്റെ പേരിലല്ല 130 കോടി ഇന്ത്യക്കാരുടെ പേരില്‍ കൃതജ്ഞത ഈ അവസരത്തില്‍ ഞാന്‍ അവരോട് രേഖപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.