ദില്ലി: ഇന്ത്യ ബഹിരാകാശത്ത് വൻനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്താണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ ഇത് വിജയകരമായി പരീക്ഷിച്ചെന്നും മോദി പറഞ്ഞു. ഇതോടെ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റ് രാജ്യങ്ങൾ.
ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്നതിൽ ഇന്ത്യ വിജയിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. മൂന്നു മിനിട്ടിൽ ഇന്ത്യ ലക്ഷ്യം കണ്ടു. മിഷൻ ശക്തി എന്നാണ് പദ്ധതിയുടെ പേര്. തദ്ദേശിയമായി വികസിപ്പിച്ച എ സാറ്റ് മിസൈൽ ഉപയോഗിച്ച് ലോ ഓർബിറ്റ് സാറ്റ്‌ലൈറ്റിനെ മൂന്നു മിനിട്ടിനുള്ളിൽ ആക്രമിച്ച് നശിപ്പിക്കാൻ സാധിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.
ഇന്ത്യയെ സംബന്ധിച്ച് വലിയ അഭിമാനത്തിന്‍റെ നിമിഷമാണിത്. കരയും കടലും വായുവും സംരക്ഷിക്കാൻ മാത്രമല്ല നമ്മൾക്ക് ഇപ്പോൾ സാധിക്കുന്നത്. ഇനി മുതൽ ശൂന്യാകാശത്തും പ്രതിരോധിക്കാൻ നമുക്കാവും. ഇന്ത്യയെ കൂടുതൽ കരുത്തുള്ളതാക്കി മാറ്റാൻ സഹായിച്ചതിന് എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.