ന്യൂഡല്‍ഹി: ഇന്ധന വില നിയന്ത്രിച്ചില്ലെങ്കില്‍ മോദി സര്‍ക്കാരിന് കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യോഗാ ഗുരുവും 'പതഞ്ജലി' ഉടമയുമായ ബാബാ രാംദേവ്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില നിയന്ത്രിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ മോദി സര്‍ക്കാരിന് അതിന്‍റെ പരിണതഫലം അനുഭവിക്കേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം രൂപയുടെ മൂല്യം ഇടിയുന്നതിനെക്കുറിച്ചും തന്‍റെ നിലപാട് വ്യക്തമാക്കി. രൂപയുടെ മൂല്യം ചരിത്രത്തില്‍ ഒരിക്കല്‍പോലും ഇത്രത്തോളം താണിട്ടില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്ത് ഇന്ധനവില ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ധന വിലയുടെ വര്‍ധനവ് പിടിച്ചു നിര്‍ത്തുന്നതിന് സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ബാബാ രാംദേവ് പറഞ്ഞു. അതുകൂടാതെ, സര്‍ക്കാര്‍ നികുതി എടുത്തു കളഞ്ഞാല്‍ ലിറ്ററിന് 40 രൂപയ്ക്ക് പെട്രോള്‍ വില്‍ക്കാന്‍ സാധിക്കുമെന്നും രാംദേവ് അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാംദേവ് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. രാജ്യത്തെ സാധാരണക്കാരന് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കാണാനും കേള്‍ക്കാനും സംസാരിക്കാനും കഴിയുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് അതിന്‍റെ ഫലം അനുഭവിക്കേണ്ടി വരും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.