ന്യൂഡല്‍ഹി: ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. അതിന്റെ ഭാഗമായി എണ്ണക്കമ്പിനി മേധാവികളുമായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചര്‍ച്ചകള്‍ നടത്തും. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ഇത് ഒമ്പതാം ദിവസമാണ് തുടര്‍ച്ചയായി വില വര്‍ദ്ധിക്കുന്നത്.
അതേസമയം പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ ഉത്പ്പാദനക്കുറവാണ് ഇന്ധന വില വര്‍ദ്ധനവിന് പ്രധാന കാരണമെന്നും ക്രൂഡ് ഓയില്‍ വിലയില്‍ അന്താരാഷ്ട്ര വിപണിയിലുണ്ടായ വര്‍ദ്ധനവും രാജ്യത്ത് ഇന്ധന വിലവര്‍ദ്ധിക്കാന്‍ കാരണമായെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
കൂടാതെ നികുതി കുറയ്ക്കണമെന്ന ശുപാര്‍ശ ധനമന്ത്രാലയത്തിന് നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81 രൂപയും ഡീസലിന് 73.88 രൂപയുമാണ് വില.