ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . രാജ്യസഭയുടെ 250-ാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളികളാകാത്തവര്‍ക്ക് രാജ്യത്തിന്റെ വികസനത്തിൽ പങ്കുവഹിക്കുന്നതിനുള്ള അവസരമാണ് രാജ്യസഭാംഗത്വം. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. 2003ല്‍ അടല്‍ ബിഹാരി വാജ്‌പേയി രാജ്യസഭിയില്‍ നടത്തിയ പ്രസംഗത്തെ മോദി അനുസ്മരിച്ചു.
പലരും കരുതിയത് മുത്തലാഖ് ബില്‍ രാജ്യസഭയിൽ പാസാവില്ല എന്നാണ്. എന്നാല്‍ ബില്‍ പാസ്സാക്കാന്‍ രാജ്യസഭ തയ്യാറായത് ഈ സഭയുടെ പക്വതയാണ് കാണിക്കുന്നത്. ജിഎസ്ടിയുടെ കാര്യത്തിലും അനുച്ഛേദം 370-ന്റെ കാര്യത്തിലുമെല്ലാം നാം ഇത് തെളിഞ്ഞതാണെന്നും മോദി പറഞ്ഞു. പാര്‍ലമെന്ററി തത്വങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ച എന്‍സിപി, ബിജെഡി തുടങ്ങിയ കക്ഷികളെ മോദി പ്രശംസിച്ചു.