ചെന്നൈ: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ആയുധങ്ങള്‍, രഹസ്യ രേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പരിശോധനയില്‍ പിടിച്ചെടുത്തു. സേലം, ചിദംബരം, രാമനാഥപുരം ജില്ലകളിലായിരുന്നു റെയ്ഡ്. ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഷെയ്ഖ് മുഹമ്മദ്, സാദിഖ്, റിസ്വാന്‍, ഹമീദ് അക്ബര്‍, മുഹമ്മദ് റിയാസ് എന്നിവരുടെ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തമിഴ്‌നാട്ടില്‍ വ്യാപകമായി തെരച്ചില്‍ നടത്തിയത്.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിനോടനുബന്ധിച്ച് രാജ്യത്ത് വലിയ തോതില്‍ ആക്രമണം നടത്താന്‍ ഭീകര സംഘടനകള്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പുണ്ടായിരുന്നു. ശ്രീലങ്കയില്‍ നടന്ന ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേയ് രണ്ടിന് തമിഴ്‌നാട്ടിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും തൗഹീദ് ജമാത്ത് ഓഫീസുകളിലും എന്‍ഐഎ പരിശോധന നടത്തിയിരുന്നു. എന്‍ഐഎ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന റിയാസിനെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
