തിരുവനന്തപുരം: എല്ലാ സംസ്ഥാനങ്ങളുടെയും ടൂറിസം വികസനമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും , ഏക രാഷ്ട്രം ഏക നികുതി സമ്പ്രദായത്തെ കുറിച്ച് ആലോചിക്കേണ്ട സമയമായെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ളാദ് പട്ടേൽ പറഞ്ഞു.കോവളത്ത് വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സാംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളെ കേന്ദ്രം വേറെയായി കാണുന്നില്ല. മത്സരങ്ങൾ സംസ്ഥാനങ്ങൾ തമ്മിലല്ല രാജ്യങ്ങളുമായിട്ടാവണം. രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും ടൂറിസം വികസിപ്പിക്കുന്നതിന് ടൂർ ഓപ്പറേറ്റർമാരും ഹോട്ടലുകളും ആശയ വിനിമയം നടത്തണം. ഇ വിസ നടപ്പിലാക്കുന്നതിന് കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായി. ബീഹാർ ടൂറിസം മന്ത്രി കൃഷ്ണകുമാർ ഋഷി, കർണാടക മന്ത്രി സി.ടി.രവി, നാഗാലാൻഡ് ടൂറിസം ഉപദേഷ്ടാവ് എച്ച് കിഹോവി യെപുതോമി, ഒഡിഷ ടൂറിസം മന്ത്രി ജ്യോതി പ്രകാശ് പാണിഗ്രഹി, നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി.ബാലകിരൺ, ടൂറിസം സ്ഥാപനമേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
