ഷൊര്‍ണൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ച് പിളര്‍ന്നു. ഒഴിവായത് വന്‍ അപകടം. സില്‍ച്ചര്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ പഴകി ദ്രവിച്ച സ്ലീപ്പര്‍ കോച്ചാണ് തകര്‍ന്നത്. ഓട്ടത്തിനിടെ നെടുകെ പിളരുകയായിരുന്നു. പാതയില്‍ അറ്റകുറ്റപ്പണിയെത്തുടര്‍ന്നു വേഗ നിയന്ത്രണമുള്ളതിനാലാണു വന്‍ദുരന്തം ഒഴിവായത്. എസ്10 കോച്ചില്‍ വാതിലിനു സമീപം സീറ്റുകള്‍ തുടങ്ങുന്ന ഭാഗത്താണു വിള്ളല്‍ കണ്ടെത്തിയത്.
തിങ്കള്‍ പുലര്‍ച്ചെ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ പിന്നിട്ടു വള്ളത്തോള്‍ നഗര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണു സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഭാരതപ്പുഴ മേല്‍പാലത്തില്‍ വേഗം കുറച്ച ട്രെയിന്‍ സിഗ്‌നല്‍ കിട്ടാത്തതിനാല്‍ വള്ളത്തോള്‍ നഗര്‍ സ്‌റ്റേഷനില്‍ നിര്‍ത്തി. ട്രെയിന്‍ ഓടുമ്പോള്‍ അപാകത ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് സിഗ്‌നലില്‍ നിര്‍ത്തിയപ്പോള്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തു. ബ്രേക്കിങ് സംവിധാനത്തിലെ വാതക ചോര്‍ച്ചയെന്നാണു കരുതിയതെങ്കിലും കോച്ചിനു സമീപം പരിശോധന നടത്തിയപ്പോഴാണ് ഒരു വശത്തുനിന്നു മറുവശം വരെ നെടുകെ പിളര്‍ന്ന കാര്യം അറിഞ്ഞത്.
സാങ്കേതിക വിഭാഗം ജീവനക്കാര്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണു ഉറക്കത്തിലായിരുന്ന യാത്രക്കാര്‍ വിവരം അറിഞ്ഞത്. എസ് 10 കോച്ച് വള്ളത്തോള്‍നഗറില്‍ മാറ്റിയിട്ട ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു. ഈ കോച്ചിലെ യാത്രക്കാര്‍ക്കു മറ്റു കോച്ചുകളില്‍ സൗകര്യം നല്‍കി. തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തുന്നതോടെ അറ്റകുറ്റപ്പണിക്കായി മാറ്റാനിരുന്നതാണെന്നാണ് വിവരം. റെയില്‍വേ സുരക്ഷാ കമ്മിഷന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.