മുംബൈ: കഴിഞ്ഞ രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങി. തിങ്കളാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കൂന്ന മുന്നറിയിപ്പ്. നിര്‍ത്താതെയുള്ള മഴയില്‍ പല റോഡുകളിലും വെള്ളം കയറി. മുംബൈ- പൂനെ എക്‌സ്പ്രസ്‌വേയും വെള്ളത്തിലായി. റോഡ് ഗതാഗതവും ട്രെയിന്‍ സര്‍വീസുകളെയും മഴ ബാധിച്ചിട്ടുണ്ട്. വിമാന സര്‍വീസുകാര്‍ വൈകിയാണ് നടക്കുന്നത്. രാവിലെ മാത്രം 35സര്‍വീസുകള്‍ വൈകി. മഴയില്‍ ഇതിനകം രണ്ടു പേര്‍ മരിച്ചു.
അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രി മെട്രോ സിനിമയ്ക്ക് സമീപം മരം കടപുഴകി വീണാണ് അപകടം. കടല്‍ക്ഷോഭമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തിരമാലകള്‍ നാല് മീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതിനകം 200 മില്ലി മീറ്റര്‍ മഴ ലഭിച്ചുവെന്നാണ് കണക്ക്. വടക്കന്‍ മേഖലയിലാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. ഗുജറാത്തിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഭിലന്ദ്-സഞ്ജന്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു. പാളത്തിനു സമീപമുള്ള മണ്ണ് ഒലിച്ചുപോയതോടെ അപകടാവസ്ഥയിലാണ്.