ഗാന്ധിനഗര്‍: ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ 19 പേരോളം മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്. പത്തോളം പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗത്ത് ഗുജറാത്തില്‍ നിന്നും 978 ആളുകളെ ഇതുവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 84 ഓളം പശുക്കളും മഴയില്‍ ചത്തതായാണ് ഞങ്ങളുടെ കണക്കുകള്‍ – ഗുജറാത്ത് ദുരിതാശ്വാസ കമ്മീഷണര്‍ മനോജ് കോത്താരി പറഞ്ഞു. ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴയില്‍ 19 ഓളം ആളുകള്‍ മരിച്ചതായാണ് കണക്കാക്കുന്നത്. ഗാന്ധിനഗറില്‍ മൂന്നും അംറെലി, ജംനഗര്‍, മഹിസാഗര്‍, പലന്‍പുര്‍ എന്നിവിടങ്ങളില്‍ ഓരോ സംഘത്തെ വീതവും രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. നാവ്‌സാരി ജില്ലയിലാണ് മഴക്കെടുതി ഏറ്റവുമധികം ബാധിച്ചത്. ഇവിടെ 641 ആളുകളെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്താക്കി. പ്രളയം ബാധിച്ച സൗത്ത് ഗുജറാത്തിലും വഡോദരയിലും ദേശീയ ദുരന്തനിവാരണ സേനയുടെ(എന്‍ഡിആര്‍എഫ്) നാലു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.