ശ്രീനഗര്‍: കനത്ത മഴയെ തുടര്‍ന്ന്‍ ജമ്മു കാശ്മീര്‍ ഡിവിഷനിലെ സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്തുന്നതിനായി ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍.വോറ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് 21 അടിക്ക് മുകളില്‍ ഝലം നദീജലനിരപ്പ് ഉയര്‍ന്നതാണ് ഇത്തരമൊരു ജാഗ്രതയ്ക്ക് കാരണം. 21 അടിവരെയാണ് ഝലം നദിയുടെ അപകട രഹിതമായ ജല നിരപ്പായി നിര്‍ണ്ണയിച്ചിരിക്കുന്നത്. അതിന് മുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആനന്ദ്‌നഗര്‍ ജില്ലയിലെ സംഗമിലും ശ്രീനഗറിലെ റാം മുന്‍ഷി ബാഗിലുമാണ് ഝലം നദീജല നിരപ്പ് അപകടകരമാം വിധം ഉയര്‍ന്നത്.
