ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയാവാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. വോട്ടെടുപ്പ് നീണ്ടുപോകുന്നതിനെച്ചൊല്ലി ഭരണപക്ഷമായ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും ബിജെപിയും തമ്മില്‍ വാദപ്രതിവാദവും ബഹളവും രൂക്ഷമായതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. സഭ നാളെ രാവിലെ 11ന് വീണ്ടും ചേരും.
വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തെച്ചൊല്ലിയാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാദപ്രതിവാദമുണ്ടായത്. തുടര്‍ന്ന് സഭയില്‍ ബഹളം രൂക്ഷമായി. വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപിയും നടത്താനാവില്ലെന്ന് കോണ്‍ഗ്രസും നിലപാടെടുത്തു. തുടര്‍ന്ന് കോണ്‍ഗ്രസ്-ജെഡിഎസ് അംഗങ്ങള്‍ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. വിശ്വാസവോട്ടെടുപ്പ് നടത്തുന്ന കാര്യത്തില്‍ നിയമോപദേശം തേടാനാണ് സ്പീക്കറുടെ തീരുമാനം. സമ്മര്‍ദ്ദത്തിന് വഴങ്ങി തീരുമാനം എടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
വോട്ടെടുപ്പ് നടക്കുന്നത് വരെ ബിജെപി അംഗങ്ങള്‍ നിയമസഭയില്‍ തുടരുമെന്ന് ബി എസ് യെദ്യൂരപ്പ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ക്ക് താല്പര്യം ഇല്ലെന്നു ബിജെപി ഗവര്‍ണറെ അറിയിച്ചതായും വിവരമുണ്ട്.