ഭോപ്പാൽ: ബി.ജെ.പി നേതാവ് ചിന്മയാനന്ദിനെ ഉദ്ദേശിച്ചുകൊണ്ട് മദ്ധ്യപ്രദേശിലെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. ഇന്ന് ചിലർ കാവി വേഷം ധരിച്ചുകൊണ്ട് സ്ത്രീകളെ പീഡിപ്പിക്കുകയാണ്. ഇത് സനാതന ധർമത്തിന് വിരുദ്ധമാണ്. ദൈവം ഒരിക്കലും ഇവർക്ക് മാപ്പ് നൽകില്ലെന്നുമായിരുന്നു ദിഗ്‌വിജയ് സിംഗിന്റെ പ്രസ്‍താവന.
ഇന്ന് കാവി വസ്ത്രങ്ങൾ ധരിച്ച ആൾക്കാർ സ്ത്രീകളെ പീഡിപ്പിക്കുകയാണ്. അമ്പലങ്ങളിൽപോലും സ്ത്രീ പീഡനങ്ങൾ നടക്കുന്നു. ഇതാണോ നമ്മുടെ മതം? ഭോപ്പാലിൽ കോൺഗ്രസ് സർക്കാർ നേതൃത്വം വഹിച്ച സന്യാസിമാരുടെ ഒരു സമ്മേളനത്തിൽ വച്ചാണ് കോൺഗ്രസ് നേതാവ് ഇക്കാര്യം പറഞ്ഞത്.'ജയ് ശ്രീറാം' എന്നും 'ജയ് സിയാറാം' എന്നും പറഞ്ഞുകൊണ്ടാണ് ദിഗ്വിജയ് സിംഗ് തന്റെ പ്രസംഗം ആരംഭിച്ചത്. സീതാദേവിയെ എന്തുകൊണ്ടാണ് 'അവർ' മറക്കുന്നതെന്ന് ചോദിച്ചുകൊണ്ട് സീതാദേവിയുടെ സ്തുതികൾ മാത്രം പറഞ്ഞാൽ മതിയെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.